International
ബെയ്റൂട്ട്: തെക്കൻ ലബനനിലുണ്ടായ സ്ഫോടനത്തിൽ രണ്ട് ഇസ്രേലി ഭടന്മാർ കൊല്ലപ്പെടുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച സുരക്ഷാ പരിശോധനയ്ക്കായി സൈനികർ ഒരു കെട്ടിടത്തിൽ പ്രവേശിച്ചപ്പോഴാണ് സ്ഫോടനമുണ്ടായത്.
ജൂൺ അവസാനം ഇസ്രേലി സേനയും ലബനനിലെ ഹിസ്ബുള്ള ഭീകരരും തമ്മിൽ വെടിനിർത്തലുണ്ടായശേഷം ഇസ്രേലി ഭടന്മാർ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്.
ഇസ്രേലി സേന ബുധനാഴ്ച തെക്കൻ ലനനിലെ ടെബ്നിൻ പട്ടണത്തിൽ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 12 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ജൂണിലെ വെടിനിർത്തൽ ധാരണകൾ നടപ്പാക്കുന്നതു സംബന്ധിച്ച് ഇസ്രയേലും ലബനനും റോമിൽ ചർച്ച നടത്തുന്നതിനിടെയാണ് സംഘർഷം വർധിച്ചത്.
വെടിനിർത്തിയെങ്കിലും ഇസ്രേലി സേന തെക്കൻ ലബനനിൽ തുടരുകയാണ്. ഇസ്രയേലിനും ലബനനും ഇടയിൽ ഇസ്രേലി സേന സുരക്ഷിത ബഫർസോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
International
റിയാദ്: അമേരിക്ക വീണ്ടും ആക്രമണത്തിനു മുതിർന്നാൽ ഗൾഫ് രാജ്യങ്ങളിലെ ഊർജ സംവിധാനങ്ങളിൽ തിരിച്ചടി നല്‍കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയതായി റിപ്പോർട്ട്. നയതന്ത്രമാർഗത്തിലൂടെ ഗൾഫ് പ്രതിനിധികളെ ഇറാൻ ഇക്കാര്യം അറിയിച്ചു. ഇറാന്റെ ഭീഷണി വളരെ ഉറച്ചതായിരുന്നുവെന്നാണ് ഇക്കാര്യത്തെക്കുറിച്ച് ധാരണയുള്ള ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാന്റെ ഊർജവിതരണ സംവിധാനങ്ങളിൽ വൻ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ജൂലൈ 28ന് ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്റെ ഭീഷണിയുണ്ടായത്. ആക്രമണം നടത്തുന്നതിൽനിന്ന് ട്രംപിനെ പിന്തിരിപ്പിക്കാൻ സൗദി ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടക്കമുള്ളവർ ഇടപെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്രംപിന്റെ ഭീഷണിക്കു പിന്നാലെ ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സൗദി, തുർക്കി, ഖത്തർ വിദേശകാര്യമന്ത്രിമാരുമായും പാക്കിസ്ഥാൻ സൈനികമേധാവി ആസിം മുനീറുമായും ബന്ധപ്പെട്ടു. ഇറാനെതിരേ വീണ്ടും ആക്രമണം ആരംഭിക്കുന്നതിൽനിന്ന് ട്രംപിനെ പിന്തിരിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ സമ്മർദം ചെലുത്തണമെന്ന് അരാഗ്ചി ആവശ്യപ്പെട്ടു. അമേരിക്ക ആക്രമിച്ചാൽ ഇറാന്റെ പ്രത്യാക്രമണം ഗൾഫ് രാജ്യങ്ങളിലെ ഊർവിതരണ സംവിധാനങ്ങളെയും അമേരിക്കൻ താവളങ്ങളെയും ലക്ഷ്യമിട്ടായിരിക്കുമെന്നും അരാഗ്ചി മുന്നറിയിപ്പു നല്കി.
“തിരിച്ചടിക്കാൻ ഇറാൻ തയാറായിക്കഴിഞ്ഞു. പക്ഷേ, പശ്ചിമേഷ്യയിലുടനീളം നാശമുണ്ടാകുന്നതൊഴിവാക്കാൻ നയതന്ത്രപരിഹാരം തേടുന്നതാകും നല്ലത്” എന്ന് അരാഗ്ചി പറഞ്ഞതായാണ് റിപ്പോർട്ട്.
ഇതേത്തുടർന്നാണ് സൗദിയിലെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ട്രംപുമായി ഫോണിൽ സംസാരിച്ചത്. ഖത്തർ, ഒമാൻ രാജ്യങ്ങളും ആക്രമണം പുനരാരംഭിക്കരുതെന്ന് ട്രംപിനോട് ആവശ്യപ്പെട്ടു. ഇറാനെ ആക്രമിക്കാനുള്ള നീക്കം റദ്ദാക്കിയതായി ഓഗസ്റ്റ് രണ്ടിനാണ് ട്രംപ് അറിയിച്ചത്. ഇറാനുമായി ഉടൻ കരാറിനു സാധ്യതയുണ്ടെന്നു പറഞ്ഞായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
International
വത്തിക്കാൻ സിറ്റി: പശ്ചിമേഷ്യയിൽ എത്രയുംവേഗം വെടിനിർത്തൽ സാധ്യമാക്കണമെന്നും ചർച്ചകളിലൂടെ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ. അക്രമം ഒരിക്കലും നീതിയിലേക്കോ സമാധാനത്തിലേക്കോ നയിക്കില്ലെന്നും ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാല പ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസംബോധന ചെയ്യവേ മാർപാപ്പ ചൂണ്ടിക്കാട്ടി.
“മധ്യേഷ്യയിലെ ക്രൈസ്തവരുടെയും എല്ലാ സന്മനസുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരിൽ ഈ സംഘർഷത്തിന് ഉത്തരവാദികളായവരോട് ഞാൻ അഭ്യർഥിക്കുന്നു: തീയണയട്ടെ, സംഭാഷണത്തിന്റെ പാതകൾ വീണ്ടും തുറക്കപ്പെടട്ടെ”-മാർപാപ്പ പറഞ്ഞു. ലബനനിലെ അവസ്ഥ ദയനീയമാണെന്നു പറഞ്ഞ മാർപാപ്പ, എല്ലാ ലബനീസ് പൗരന്മാരുടെയും പൊതുനന്മയ്ക്കായി രാജ്യം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരങ്ങൾ കാണാൻ അധികാരികളെ സഹായിക്കുന്ന സംഭാഷണത്തിന്റെ പാതകൾ തുറക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി.
കഴിഞ്ഞ രണ്ടാഴ്ചയായി പശ്ചിമേഷ്യയിലെ ജനങ്ങൾ യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുകയാണ്. ആയിരക്കണക്കിനു നിരപരാധികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് വീടുകൾ ഉപേക്ഷിക്കേണ്ടിവന്നു. സ്കൂളുകൾ, ആശുപത്രികൾ, പാർപ്പിട മേഖലകൾ എന്നിവയ്ക്കുനേരേയുള്ള ആക്രമണങ്ങളിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെ പ്രാർഥനയിൽ ഓർമിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു.
NRI
ബെര്‍ലിന്‍: ഇസ്രയേല്‍ - ഇറാന് സൈനിക നീക്കം ശക്തമായതോടെ യൂറോപ്പില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ വലിയ പ്രതിസന്ധിയില്‍. ഇറാന് വ്യോമാതിര്‍ത്തി അടച്ചതും മിസൈല്‍ ആക്രമണ ഭീഷണിയും കാരണം ലണ്ടന്‍, പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ സുരക്ഷിത പാതകളിലൂടെ തിരിച്ചുവിടുകയാണ്.
∙ സര്‍വീസുകള്‍ വെട്ടിക്കുറച്ചു പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് വരും ദിവസങ്ങളിലെ സര്‍വീസുകളില്‍ എയര്‍ ഇന്ത്യ മാറ്റം വരുത്തിയിട്ടുണ്ട്.
∙ റദ്ദാക്കല്‍: ഇസ്രയേലിലേക്കും ഇറാനിലേക്കും സമീപ രാജ്യങ്ങളിലേക്കുമുള്ള ഭൂരിഭാഗം സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവച്ചു.
∙ യാത്രാ സമയം: ഇറാന് വ്യോമാതിര്‍ത്തി ഒഴിവാക്കി ചുറ്റിക്കറങ്ങി പറക്കേണ്ടി വരുന്നത് ലണ്ടന്‍ - ഡല്‍ഹി, ലണ്ടന്‍ - കൊച്ചി തുടങ്ങിയ സര്‍വീസുകളുടെ യാത്രാ സമയം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് അധിക ഇന്ധന ചെലവിനും കാരണമാകുന്നു.
∙ പ്രത്യേക സര്‍വീസുകള്‍: ഗള്‍ഫ് മേഖലയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ 23 പ്രത്യേക സര്‍വീസുകള്‍ ഇന്ന് നടത്തുന്നുണ്ടെങ്കിലും യൂറോപ്യന്‍ റൂട്ടുകളില്‍ നിയന്ത്രണം തുടരുകയാണ്.
∙ യാത്രക്കാര്‍ ശ്രദ്ധിക്കാന്‍ യൂറോപ്പില്‍ നിന്ന് നാട്ടിലേക്ക് വരാനിരിക്കുന്നവരും തിരിച്ചു പോകാനിരിക്കുന്നവരുമായ പ്രവാസികള്‍ വിമാനക്കമ്പനിയുടെ ഔദ്യോഗിക അറിയിപ്പുകള് ശ്രദ്ധിക്കണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
നിലവില്‍ വിമാനങ്ങള്‍ റദ്ദാക്കിയ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണ്ണമായും തിരികെ നല്‍കാനോ അല്ലെങ്കില്‍ സൗജന്യമായി മറ്റൊരു തീയതിയിലേക്ക് മാറ്റാനോ ഉള്ള സൗകര്യം എയര്‍ ഇന്ത്യ ഒരുക്കിയിട്ടുണ്ട്.
∙ സുരക്ഷയ്ക്കാണ് മുന്‍ഗണന യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് സര്‍വീസുകള്‍ ക്രമീകരിക്കുന്നത്. സംഘര്‍ഷ മേഖലയ്ക്ക് മുകളിലൂടെ വിമാനങ്ങള്‍ പറക്കില്ലെന്ന് എയര്‍ ഇന്ത്യ ഉറപ്പ് നല്‍കിയിട്ടുണ്ട്.
ജര്‍മനിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ക്ക് യാത്രാ സമയം വര്‍ധിക്കും, പ്രവാസികള്‍ ശ്രദ്ധിക്കുക. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ജര്‍മനിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുകളെയും കാര്യമായി ബാധിച്ചു തുടങ്ങി.
ഇറാന്റെ വ്യോമാതിര്‍ത്തി ഒഴിവാക്കി വിമാനങ്ങള്‍ തിരിച്ചുവിടുന്നതിനാല്‍ ജര്‍മ്മനിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം വിമാനത്തിലിരിക്കേണ്ടി വരും.
∙ ജര്‍മനിയിലെ നിലവിലെ സ്ഥിതി ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക് എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും നിലവില്‍ എയര്‍ ഇന്ത്യ സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും താഴെ പറയുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുക:
∙ യാത്രാ സമയം: ഇറാന് വ്യോമാതിര്‍ത്തി പൂര്‍ണ്ണമായും ഒഴിവാക്കി ഈജിപ്ത്, സൗദി അറേബ്യ അല്ലെങ്കില്‍ മധ്യേഷ്യ വഴി ചുറ്റിക്കറങ്ങി പറക്കുന്നതിനാല്‍ ഒന്ന് മുതല്‍ രണ്ട് മണിക്കൂര്‍ വരെ അധിക സമയം യാത്രയ്ക്കായി വേണ്ടിവരും.
∙ സര്‍വീസ് മാറ്റങ്ങള്‍: സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്ത് വിമാനങ്ങള്‍ അവസാന നിമിഷം റദ്ദാക്കാനോ സമയം മാറ്റാനോ സാധ്യതയുണ്ട്.
∙ കണക്ഷന് വിമാനങ്ങള്‍: ഗള്‍ഫ് രാജ്യങ്ങള്‍ വഴി കണക്ഷന് ഫ്ലൈറ്റുകളില്‍ (ഉദാഹരണത്തിന് എമിറേറ്റ്സ്, ഇത്തിഹാദ്) നാട്ടിലേക്ക് പോകാനിരുന്ന പല പ്രവാസികളും നിലവില്‍ ജര്‍മനിയില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഇവര്‍ക്കായി എയര്‍ ഇന്ത്യ പ്രത്യേക ക്രമീകരണങ്ങള്‍ ആലോചിക്കുന്നുണ്ട്.
∙ യാത്രക്കാര്‍ ചെയ്യേണ്ടത് ഫ്ലൈറ്റ് സ്ററാറ്റസ് പരിശോധിക്കുക: എയര്‍ ഇന്ത്യയുടെ വെബ്സൈറ്റോ മൊബൈല്‍ ആപ്പോ വഴി നിങ്ങളുടെ ഫ്ലൈറ്റ് കൃത്യസമയത്തുണ്ടോ എന്ന് ഉറപ്പുവരുത്തുക.
റീഫണ്ട്/റീ ബുക്കിംഗ്: വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയാണെങ്കില്‍ അധിക ചെലവില്ലാതെ തീയതി മാറ്റാനോ ടിക്കറ്റ് തുക തിരികെ വാങ്ങാനോ എയര്‍ ഇന്ത്യ സൗകര്യം നല്‍കുന്നുണ്ട്.
മുന്‍കൂട്ടി എത്തുക: വിമാനത്താവളങ്ങളിലെ തിരക്കും പരിശോധനകളും കണക്കിലെടുത്ത് നേരത്തെ തന്നെ ചെക്ക്ഇന്‍ കൗണ്ടറുകളില്‍ എത്താന്‍ ശ്രമിക്കുക.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് എയര്‍ലൈനുകളുടെ വെബ്സൈറ്റോ ആപ്പോ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക.
ഫ്ലൈറ്റുകള്‍ റദ്ദാക്കപ്പെട്ടാല്‍ ടിക്കറ്റ് തുക പൂര്‍ണമായും തിരികെ ലഭിക്കാനോ സൗജന്യമായി മറ്റൊരു തീയതിയിലേക്ക് മാറ്റാനോ യാത്രക്കാര്‍ക്ക് അവകാശമുണ്ട്.
National
ന്യൂഡൽഹി: യുദ്ധസാഹചര്യം കണക്കിലെടുത്ത്ഗൾഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകളാണ് മാറ്റിവെച്ചത്.
ബഹറിൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾക്കാണ് ഈ നിർദേശം ബാധകമാകുന്നത്. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
അഞ്ചാം തീയതി മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ ചൊവ്വാഴ്ച നടത്തുന്ന സാഹചര്യ അവലോകനത്തിന് ശേഷം ബോർഡ് തീരുമാനമെടുക്കും.
International
വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇറാനെ ഏതു നിമിഷവും ആക്രമിച്ചേക്കാം എന്ന സാഹചര്യം നിലനിൽക്കെ നിർണായക നീക്കങ്ങളുമായി ലോകശക്തികൾ. സൈനിക നടപടി നേരിടുന്നതിനേക്കാൾ ഇറാൻ ഒരു ചർച്ചയ്ക്കു തയാറാകാനാണ് സാധ്യതയെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ആണവപദ്ധതികൾ ഇറാൻ അവസാനിപ്പിക്കണമെന്നതാണ് അമേരിക്ക ചർച്ചയ്ക്കായി മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം. അതേസമയം, പ്രതിരോധ-മിസൈൽ ശേഷികൾ ഒരിക്കലും ചർച്ചാവിഷയമാക്കില്ലെന്ന് ഇറാനും തങ്ങളുടെ നിലപാട് കർക്കശമാക്കിയിട്ടുണ്ട്.
വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കവേയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാനു ചർച്ചകൾക്കായി സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും എന്നാൽ, അത് എപ്പോഴാണെന്നു വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
"യുദ്ധക്കപ്പലുകളുടെ വ്യൂഹം ഇപ്പോൾ ഇറാനു നേരെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇറാൻ ഒരു കരാറിനു തയാറാകുമെന്നു ഞാൻ കരുതുന്നു. കരാർ നടന്നാൽ നല്ലത്, നടന്നില്ലെങ്കിൽ എന്തു സംഭവിക്കുമെന്നു ലോകം കാണും...' ട്രംപ് മുന്നറിയിപ്പ് നൽകി.
ഇതിനകംതന്നെ യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ മിഡിൽ ഈസ്റ്റിൽ എത്തിയതായാണ് റിപ്പോർട്ടുകൾ.
അമേരിക്കയുമായുള്ള സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറി അലി ലാരിജാനി മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചതായാണ് സൂചന. തുർക്കിയും സമാനമായ മധ്യസ്ഥനീക്കങ്ങൾ നടത്തുന്നുണ്ട്.
ഇറാൻ മന്ത്രിക്ക് ഉപരോധം
ഇറാനിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ നേതൃത്വം നൽകുന്നു എന്നാരോപിച്ച് ഇറാന്റെ ആഭ്യന്തരമന്ത്രി ഇസ്കന്ദർ മൊമേനിക്കെതിരേ ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തി. ആയിരക്കണക്കിനു സമാധാനകാംക്ഷികളായ പ്രക്ഷോഭകരുടെ കൊലപാതകത്തിന് ഉത്തരവാദി മൊമേനി നയിക്കുന്ന സേനയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി.
ഇറാനിലെ നിലവിലെ ഭരണകൂടത്തിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളും അതിനുനേരെയുണ്ടായ അടിച്ചമർത്തലുകളുമാണ് പുതിയ സംഘർഷങ്ങൾക്കു തുടക്കമിട്ടത്.
പഴയ ആണവ കരാറിൽനിന്നു പിന്മാറിയ ട്രംപ്, ഇറാന്റെ മിസൈൽ പദ്ധതികളും ആണവ മോഹങ്ങളും പൂർണമായും തടയുന്ന പുതിയൊരു കരാർ ഒപ്പിടാൻ ഇറാനെ നിർബന്ധിക്കുകയാണ്. കഴിഞ്ഞ വർഷം ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ "ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ' പോലെയുള്ള സൈനിക നടപടികൾ ഇനിയും ഉണ്ടായേക്കാമെന്ന ഭീതി നിലനിൽക്കുന്നു.